ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

മഹോദയപുരം തലസ്ഥാനമാക്കി രണ്ടാം ചേരസാമ്രാജ്യം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ പതനത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉള്‍പ്പെടുന്ന തിരുവല്ലാതാലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍രാജവംശത്തിന്റെ കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തില്‍ ഇടപ്രഭുക്കന്മാര്‍ ചെറിയ ചെറിയ പ്രദേശങ്ങളില്‍ അധികാരമുറപ്പിച്ച് സര്‍വ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാര്‍ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തില്‍ വന്ന ഭൂപ്രദേശത്തിന് കോവില്‍പ്പുരം എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് കോയിപ്രം ആയതായും പറയപ്പെടുന്നു. പഴയ തിരുവിതാംകൂര്‍ ഭരണക്രമത്തില്‍ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു സുപ്രധാനഘടകമായിരുന്നു കോയിപ്രം ഗ്രാമപ്രദേശം. പുല്ലാട് കച്ചേരിസ്ഥലമായി സംഘടിപ്പിക്കപ്പെട്ടിരുന്ന ഒരു പ്രവൃത്തിപ്രദേശമായിരുന്നു കോയിപ്രം. പ്രവൃത്തിയുടെ ഭരണ ചുമതല നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രവൃത്തിയാര്‍ (ഇന്നത്തെ വില്ലേജ് ആഫീസര്‍). സിവിലും ക്രിമിനലുമായ കുറ്റങ്ങള്‍ വിചാരണ ചെയ്തു ശിക്ഷ നല്‍കാനുള്ള അധികാരം രാജകീയകല്‍പന മൂലം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്നത്തെ കളക്ടര്‍ക്കുള്ളതിനേക്കാള്‍ കനത്ത അധികാരമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കൊച്ചി രാജ്യത്തെ, ഇടപ്പള്ളി രാജാവിന് ഈ പ്രദേശത്തുനിന്ന് കരംപിരിക്കുന്നതിനുള്ള അവകാശം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ഈ അവകാശം അറ്റുപോയത്. എഴുമറ്റൂരില്‍ നിന്ന് തടിയൂര്‍ വഴി, കോളഭാഗം മുക്കിലെത്തി, മുണ്ടക്കോട്ടു വഴി തോട്ടപ്പുഴശേരി പഞ്ചായത്തിന്റെയും കോയിപ്രം പഞ്ചായത്തിന്റെയും പൊതുഅതിരില്‍ കൂടി, പുല്ലാട് ഗവ.യു.പി.എസ്-നു സമീപത്തുകൂടി കടന്ന് ഇളപ്പുങ്കല്‍ മുക്കില്‍ എത്തി, പടിഞ്ഞാറോട്ടു തിരിഞ്ഞ്, ആത്മാവുകവല വഴി പടിഞ്ഞാറ്റേതില്‍ ഊട്ടുപുരയ്ക്കല്‍ അവസാനിക്കുന്ന മണ്‍പാതയായിരുന്നു ഇവിടുത്തെ ആദ്യത്തെ നിരത്ത്. ഇപ്പോള്‍ അല്പം ചില വ്യതിയാനങ്ങളോടു കൂടി ഈ പാത ഗതാഗതക്ഷമമായി നിലനില്‍ക്കുന്നു. ഈ നാടിന്റെ ചരിത്രം അതിന്റെ ഭൂമിശാസ്ത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചെറിയ കുന്നുകളും, താഴ്വരകളും, പാടങ്ങളും, ജലാശയങ്ങളും, തോടുകളും ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ ജീവിതശൈലിയെയും സ്വാധീനിച്ചിട്ടുണ്ട്. ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും മഴയുടെ ലഭ്യതയും ഇവിടുത്തെ ജനങ്ങളെ കൃഷിയോട് ആഭിമുഖ്യം പുലര്‍ത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. പമ്പാനദി ഒരു കാലത്ത് പുല്ലാട്ടുള്ള മണിയാര്‍ ഭാഗത്തുകൂടി ഒഴുകിയിരുന്നതായി ഐതീഹ്യമുണ്ട്. മണിയാര്‍ ഭാഗത്തെ പാടം കുഴിച്ചുനോക്കിയാല്‍ ഇന്നും വെണ്‍മണലിന്റെ അട്ടികള്‍ കാണാന്‍ കഴിയും. ചരിത്രാതീതകാലത്ത് കുറിയന്നൂരിനു തെക്ക് പ്രമാടംകടവില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന പ്രമാടത്തുപാറ, പമ്പാനദിയെ തെക്കോട്ടു തിരിച്ചുവിട്ടതായി പറയപ്പെടുന്നുണ്ട്. ആത്മാവുകവലയില്‍ നിന്ന് 100 മീറ്റര്‍ തെക്കുള്ള അരീക്കുഴികുളത്തിലേക്ക് കിഴക്കുനിന്ന് ഒരു ഭൂഗര്‍ഭജലസ്രോതസ്സ് ഒഴുകിയിറങ്ങുന്നുണ്ട്. പ്രമാടംഭാഗത്തിന്റെ ദിശയില്‍നിന്നും വരുന്ന ഈ ഭൂഗര്‍ഭജലപ്രവാഹം ഹേതുവായി അരീക്കുഴി കുളം ഒരിക്കലും ഉറവവറ്റാത്ത ജലാശയമായി നിലകൊള്ളുന്നു. പുല്ലാടിന്റെ കിഴക്കേയറ്റത്ത് കുറവന്‍കുഴിചിറയ്ക്കു കിഴക്കുഭാഗത്തായി ഇന്നും മരുതോണ എന്ന പേരില്‍ ഒരു പ്രദേശമുണ്ട്. പ്രതാപശാലികളായ മര്‍തോണ്‍ പോറ്റിമാരുടെ ആസ്ഥാനമായിരുന്നു അവിടം. ജന്മനാ ബ്രാഹ്മണനല്ലെങ്കിലും കര്‍മ്മണാ ബ്രഹ്മത്വം ആര്‍ജ്ജിച്ചിരുന്ന പട്ടികജാതിക്കാരനായ ഓമല്‍ എന്ന സിദ്ധന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രതിഷ്ഠിച്ച ശിവലിംഗശിലാസ്ഥാനത്ത് ഇന്ന് മയിലാടുംപാറയില്‍ ഒരു ക്ഷേത്രമുണ്ട്. അത് പുല്ലാടിനു കിഴക്കുദിക്കില്‍ ചരല്‍കുന്നിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു. ജാതിപ്പിശാചിന്റെ കിരാതതാണ്ഡവത്തിന്റെ പെരുമ്പറ ഈ ഗ്രാമത്തിലും മുഴങ്ങിയിരുന്നു. ബ്രാഹ്മണര്‍, സന്താനലബ്ധിക്ക് ഉതകുന്ന ഉത്തമകര്‍മ്മമാണെന്ന് അന്നത്തെ പ്രമാണികുടുംബങ്ങളിലെ കാരണവന്മാരെ തെറ്റിദ്ധരിപ്പിച്ച് നടത്താറുണ്ടായിരുന്ന ഒരു ചടങ്ങായിരുന്നു നെല്ലിക്കല്യാണം. ഫലസമൃദ്ധമായ നെല്ലിവൃക്ഷം വധുവായും തുളസിച്ചെടി വരനുമായി സങ്കല്‍പ്പിച്ച് അവര്‍ തമ്മിലുള്ള കല്യാണം അത്യാര്‍ഭാടപൂര്‍വ്വം വീട്ടുകാരെക്കൊണ്ട് ആഘോഷിപ്പിച്ച് വിഭവസമൃദ്ധമായ സദ്യയുമുണ്ടു, ഭാരിച്ച ദക്ഷിണയും വാങ്ങിയെടുക്കുക എന്നതായിരുന്നു ഈ ചടങ്ങിന്റെ പിന്നിലുണ്ടായിരുന്ന ഉദ്ദേശ്യം. വലിയ സവര്‍ണ്ണന്‍ ചെറിയ സവര്‍ണ്ണനെ പറ്റിക്കുന്ന ഇത്തരം ചടങ്ങുകളില്‍, സവര്‍ണ്ണര്‍ക്കല്ലാതെ അധ:സ്ഥിതരായ താണ ജാതിക്കാര്‍ക്ക് ഇതിലെ അധ്വാനനിര്‍വ്വഹണമൊഴികെ മറ്റൊന്നിനും പങ്കില്ലായിരുന്നുതാനും. അത്യാഡംബരപൂര്‍വ്വം നാലുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇത്തരം ചടങ്ങുകള്‍ മേനി നടിക്കുന്നതിനായി മല്‍സരബുദ്ധിയോടെ സംഘടിപ്പിച്ചതിന്റെ ഫലമായി ക്ഷയിച്ചുപോയ പ്രമാണിക്കുടുംബങ്ങള്‍ അക്കാലത്ത് ധാരാളമായുണ്ടായിരുന്നു. കോയിപ്രം പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും കൂലിയോ ഏതെങ്കിലും വേതനമോ കൂടാതെ മേലാളന്മാര്‍ക്കുവേണ്ടി പകലിരവു പണിയെടുത്തിരുന്ന ഒരു സമൂഹം, അടിമകളും അധ:സ്ഥിതരുമായി മുദ്രകുത്തപ്പെട്ട്, അജ്ഞതയുടെയും അവഗണനയുടെയും അന്ധകാരകുണ്ടുകളില്‍ തളര്‍ന്നുവലഞ്ഞു ജീവിച്ചിരുന്നു. പട്ടികജാതിക്കാര്‍ക്ക് എതിരേ അതികര്‍ക്കശമായ വിവേചനവും വിദ്യാഭ്യാസവിലക്കും നിലവിലിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍തന്നെ പകലന്തിയോളം പണിയെടുത്തുതളര്‍ന്ന ആ ഹതഭാഗ്യര്‍ക്കുവേണ്ടി യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ നേരിട്ടുകൊണ്ടുതന്നെ ഈ നാടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു നിശാപാഠശാല ഏര്‍പ്പെടുത്തിയത് പുല്ലാട്ട് വൈദ്യന്‍ എന്ന എന്‍.നാരായണപണിക്കരായിരുന്നു. വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം സമൂഹത്തിന്റെ ഇരുളടഞ്ഞ കോണുകളിലെത്തിക്കാന്‍ ക്രിസ്ത്യന്‍മിഷനറിമാരും സഭകളും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 1912-ല്‍ വിദ്യാഭ്യാസഡയറക്ടറായിരുന്ന ഡോക്ടര്‍ മിച്ചല്‍ എന്ന യൂറോപ്യന്‍ വിചക്ഷണന്റെ ഭരണകാലത്ത് അദ്ദേഹം വരച്ചുനല്‍കിയ പ്ളാന്‍ അനുസരിച്ച് നാട്ടുകാര്‍ കെട്ടിടം കെട്ടി, ചെങ്ങന്നൂര്‍ വിദ്യാഭ്യാസ റേഞ്ച് ഇന്‍സ്പെക്ടര്‍ ഉല്‍ഘാടനം ചെയ്ത് സര്‍ക്കാരിലേക്ക് സ്വീകരിച്ച വിദ്യാലയമായിരുന്നു പുല്ലാട് ഗവണ്‍മെന്റ് യു.പി.സ്ക്കൂള്‍. അനുഷ്ഠാനകലയായ പടയണിയുടെ വേദികളായിരുന്നു പൂവത്തൂരും, പുല്ലാടും. കഥകളിവിദ്യാലയം കടപ്ര മലനട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നു. പ്രൊഫഷണല്‍ നാടകസംഘങ്ങളും, അമച്വര്‍ നാടകവേദികളും, നൃത്തവിദ്യാലയങ്ങളും പയറ്റുവേദികളും, കുടിപള്ളിക്കൂടങ്ങളുമൊക്കെ കണ്ണിമുറിയാതെ ഇന്നും ഈ പഞ്ചായത്തില്‍ സജീവമാണ്. സമ്പൂര്‍ണ്ണസാക്ഷരരാണ് ഈ പഞ്ചായത്തുനിവാസികള്‍. വിദ്യാലയസമൃദ്ധമാണ് ഇതിന്റെ എല്ലാ വാര്‍ഡുകളും.